പുറത്തൊക്കെ പോയി ചെമ്മീന്‍ ബിരിയാണി കഴിക്കാന്നു വെച്ചിട്ടുണ്ടെങ്കിൽ ഒടുക്കത്തെ വിലയുമാണ് എന്നാല്‍ അതിനും പോന്നൊരു സ്വാദ് കിട്ടാറുല്യ. എന്നാല്‍ പിന്നെ കുറച്ച് ചെമ്മീന്‍ (കൊഞ്ച്) കിട്ടിയപ്പോൾ ഒരു ബിരിയാണി വയ്ക്കാന്നോർത്തു. സാധാരണ ബിരിയാണിയിൽ വെജിറ്റബിൾസ് ചേർക്കാറില്ല. കുറച്ചു ഹെൽത്തി ആയ്ക്കോട്ടെന്നു കരുതി ഞാന്‍ വെജിറ്റബിൾസ് ചേർത്തിട്ടുണ്ടേ.
ഇത് കായലിലെ കൊഞ്ച് ആണ്. ഇതിന്റെ കൊമ്പ് കയ്യില്‍ കൊണ്ടാലുണ്ടല്ലോ സൂചി വക്കുന്നതിനേക്കാൾ വേദനയാണ്. ഞാന്‍ മുക്കാല്‍ കിലോ കൊഞ്ച് എടുത്തു തലയും വാലും കളഞ്ഞു വൃത്തിയാക്കി എടുത്തു.
മസാല തയ്യാറാക്കാൻ അഞ്ച് വലിയ സവാള, രണ്ട് തക്കാളി, ഇഞ്ചി',വെളുത്തുള്ളി,പച്ചമുളക്, കറിവേപ്പില, വെളിച്ചെണ്ണ,കടുക്,മുളകുപൊടി, മഞ്ഞള്‍പ്പൊടി,മല്ലിപ്പൊടി,കുരുമുളക് പൊടി, ഉപ്പ് എന്നിവയൊക്കെ ആവശ്യമാണ്. പൊടികൾക്കൊക്കെ എനിക്ക് കൈ കണക്കാണ്. ചട്ടി ചൂടാക്കി എണ്ണ ഒഴിക്കുക.
എണ്ണ ചൂടാകുമ്പം കടുക് പൊട്ടിച്ച് സവാള നീളത്തില്‍ അരിഞ്ഞത് ഇട്ടു ഇളക്കിക്കോളൂ. ഒന്നു വഴറ്റിയിട്ട് ഒരു വലിയ കഷണം ഇഞ്ചി ചതച്ചതും ഒരു പിടി വെളുത്തുള്ളിചുള ചതച്ചതും രണ്ടു കൊന്തു കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റുക.
മറ്റു കറികൾ പോലെയല്ല, ബിരിയാണി എരിവ് കൂട്ടിയും കുറച്ചും പാകം ചെയ്യാം. അപ്പോള്‍ പച്ചമുളക് അതിനനുസരിച്ച് ക്രമീകരിക്കുക. ഞാന്‍ ഏഴെണ്ണം കീറിയിട്ടു.
ഇനി നന്നായി വഴന്നു കഴിയുമ്പോൾ തക്കാളി അരിഞ്ഞത് ചേര്‍ത്ത് ഇളക്കുക. മൂത്തു എണ്ണ തെളിയുമ്പം ഉപ്പും മറ്റു പൊടികളും ചേര്‍ത്ത് ഇളക്കി കൊഞ്ച് ചേർക്കുക. ഒന്നിളക്കി അടച്ചു വച്ച് വേകിക്കുക.
വെള്ളം ചേര്‍ക്കെണ്ട ആവശ്യം വരില്ല. അതവിടിരുന്ന് വേകുമ്പോഴേക്കും ചോറ് റെഡി ആക്കാം. ഞാന്‍ ഒരു അഞ്ചു ഗ്ളാസ് അരി എടുത്തു കഴുകി വെള്ളം വാര്‍ത്ത് ഒന്നു വറുത്ത് എടുത്തു.
അരി പാകം ചെയ്യാനുളള പാത്രം അടുപ്പില്‍ വെച്ച് പത്തു ഗ്ളാസ് വെള്ളം ഒഴിച്ച് ചൂടായപ്പോൾ കറുവാപ്പട്ട,ഗ്രാമ്പൂ, ജാതിപത്റി,കുരുമുളക് ഇട്ടു. പാകത്തിന് ഉപ്പ് ചേര്‍ത്ത് രണ്ട് ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിച്ചു. തിള വന്നപ്പോൾ അര കപ്പ് കാരറ്റ്,കാബേജ്,ബീൻസ് ചെറുതായി ഗ്രേ റ്റു ചെയ്തത് ഇട്ടു കൂടെ അരിയുമിട്ടു ഒരു നാരങ്ങായുടെ നീര് ഒഴിച്ചു ഒന്നിളക്കിയിട്ട് അടച്ചു വെക്കുക. വെള്ളം വറ്റുന്നതാണ് കണക്ക്.
ദം ഇടാനുള്ള പാത്രത്തിൻറെ അകവശം നെയ്യ് പുരട്ടി മയപ്പെടുത്തുക. സവാള വട്ടത്തിലരിഞ്ഞു പാത്രത്തിൻറെ അടിയില്‍ നിരത്തി വച്ചാല്‍ കരിഞ്ഞു പിടിക്കുമെന്ന പേടി വേണ്ട കേട്ടോ.
ഇനി നമ്മുടെ മസാലയും ചോറും തയ്യാറായെങ്കിൽ ലെയറായി പാത്രത്തിൽ നിരത്താം ബിരിയാണി കുറച്ച് ഡ്രൈ ആയി കിട്ടണമെങ്കിൽ മസാല നന്നായി വറ്റിച്ച് എടുക്കാം.ഇല്ലെങ്കിൽ അത്രയും വറ്റിക്കേണ്ട. ഞാന്‍ ദം പാത്രം മൂടിവച്ചു ഒരു നനഞ്ഞ തോർത്ത് ചുറ്റിനും മുറുക്കി വയ്ക്കാറാണ് പതിവ്.മാവ് കുഴച്ചു ദം ഇടാനുള്ള മടി കൊണ്ടാണേ.മൂടിയുടെ മുകളില്‍ കുറച്ചു കനലിട്ടു കൊടുത്തു. അങ്ങനെ ഒരു 20-30 മിനിറ്റ് ചെറുതീയിൽ.തീ കെടുത്തിയതിനു ശേഷം ഒരു15 മിനിട്ട് എങ്കിലും കാത്തിരിക്കണേ.
വേകുവോളം കാത്തില്ലേ ഇനി ആറുവോളം കാത്തുകൂടേ😊 ഇനി ദം ഒക്കെ പൊട്ടിച്ചു ആ മണമൊക്കെ ആസ്വദിച്ചു പിഞ്ഞാണത്തിലേക്കു വിളമ്പിക്കോ. കൂടെയുള്ളത് പുഴമീൻ വറുത്തതാണേട്ടോ...അപ്പോള്‍ ബിരിയാണി കുശാലായി കഴിച്ചോളൂ..
No comments:
Post a Comment