നാരങ്ങാ അച്ചാർ
സദ്യകൾക്ക് ഒഴിച്ചുകൂടാനാവാത്ത ഈ അച്ചാർ വടുകപ്പുളി നാരങ്ങകൊണ്ടാണ് ഉണ്ടാക്കുന്നത്. ഓണം പ്രമാണിച്ച് ഞാനും ഉണ്ടാക്കി കുറച്ചു നാരങ്ങാക്കറി. വളരെ എളുപ്പമാണിത്.
ആവശ്യമുള്ള സാധനങ്ങൾ:
- വടുകപ്പുളിനാരങ്ങ - ഇടത്തരം വലുപ്പമുള്ളത് ഒന്ന്
- പച്ചമുളക് - ഏകദേശം പത്തെണ്ണം
- മുളകുപൊടി - ഞാൻ ഏതാണ്ട് 6 വലിയ സ്പൂൺ എടുത്തു
- കായംപൊടി - രണ്ട് സ്പൂൺ
- ഉലുവാപ്പൊടി - അര സ്പൂൺ
- പാകത്തിന് ഉപ്പ്, തിളപ്പിച്ചാറിയ വെള്ളം
ഉണ്ടാക്കുന്ന വിധം:
നാരങ്ങ കഴുകി വൃത്തിയാക്കി, നെടുകെ നാലാക്കി മുറിച്ചശേഷം കനം കുറഞ്ഞ സ്‌ലൈസുകളാക്കുക. ഇനി ഈ സ്‌ലൈസുകൾ ചെറിയ കഷ്ണങ്ങളാക്കുക.
പച്ചമുളക് വട്ടത്തിൽ അരിയുക.
നാരങ്ങാക്കഷ്ണങ്ങളും പച്ചമുളകും കൂടി ഉപ്പ് ചേർത്ത് ഒരു ദിവസം അടച്ചു വയ്ക്കുക. അടുത്ത ദിവസം മുളകുപൊടിയും കായവും ഉലുവാപൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചശേഷം തിളപ്പിച്ചാറിയ വെള്ളമൊഴിച്ച് പാകത്തിന് അയവിലാക്കുക.
നാരങ്ങാക്കറി റെഡി! ഇത്രേയുള്ളു!
ചിലർ ഇതിൽ കടുകും മുളകും കറിവേപ്പിലയും വറുത്തിടാറുണ്ട്. ഞങ്ങളുടെ വീട്ടിൽ പതിവില്ല.
സദ്യയ്ക്ക് ഇലയുടെ ഇടത്തേമൂലയിൽ പുളിയിഞ്ചിയുടേയും കടുമാങ്ങയുടേയുമൊക്കെ കൂട്ടത്തിൽ നാരങ്ങാക്കറിയെ പ്രതിഷ്ഠിക്കുക. പായസം മൂക്കുമുട്ടെ അകത്താക്കാൻ ഇടയ്ക്കിടെ നാരങ്ങാക്കറി തൊട്ടുനക്കുക.
No comments:
Post a Comment