Search This Blog

Wednesday, 24 August 2016

തീന്‍മേശ മര്യാദകള്‍

തീന്‍മേശ മര്യാദകള്‍
By: ഡോ.വി.പി ഗംഗാധരന്‍

കഴിഞ്ഞ ദിവസം ഒരു കല്യാണ സദ്യയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. നല്ല തിരക്കാണ്. ആളുകള്‍ ഇടിച്ചു കയറി ഭക്ഷണം കഴിക്കുകയാണ്. ബൊഫെ മാതൃകയില്‍ വിളമ്പുന്ന പരിപാടിയായിട്ടും വേണ്ടതിലേറെ തിരക്ക്.

അത്രയധികം ആളുകളെ ക്ഷണിച്ചിട്ടുള്ളതിനാലാണ്. വിഭവസമൃദ്ധമായി കഴിക്കാനുളള ശേഷിയില്ലെന്നും കല്യാണച്ചടങ്ങില്‍ പങ്കെടുത്തിട്ടു പോന്നാല്‍മതി എന്നും തീരുമാനച്ചിട്ടാണ് അവിടേക്ക് പുറപ്പെട്ടതുതന്നെ. ഭാഗ്യവശാല്‍ പഴയൊരു സുഹൃത്തിനെയും കിട്ടി.
പക്ഷേ, ആതിഥേയന്‍ വിടുന്നില്ല. ഭക്ഷണം കഴിച്ചിട്ടേ പോകാവൂ എന്ന നിര്‍ബന്ധം. മുഖ്യ വിഭവങ്ങളിലേക്ക് കടക്കാതെ ചെറിയൊരു പ്ലേറ്റില്‍ കുറച്ചു പഴങ്ങള്‍ മാത്രം എടുത്ത് ഞങ്ങള്‍ ഒരു മൂലയിലേക്ക് മാറിനിന്ന് നാട്ടു വര്‍ത്തമാനങ്ങളില്‍ മുഴുകി. പെരുമഴയും പുതിയ സര്‍ക്കാറും ഒക്കെ.

പാത്രങ്ങള്‍ നിറയെ ഭക്ഷണം എടുത്ത് പകുതിയിലധികം കുപ്പത്തൊട്ടിയില്‍ തളളുകയാണ് വലിയൊരു വിഭാഗം ആളുകള്‍. കാണുമ്പോള്‍ ഒരു മോഹത്തിന് കോരിയെടുക്കും. കഴിക്കാന്‍ തുടങ്ങുമ്പോള്‍ പകുതിപോലും കഴിക്കാനാവില്ല. ബാക്കി വെറുെത കളയും. അപ്പോളാണ് അടുത്തൊരു കുട്ടി അവന് പ്രിയപ്പെട്ട ഏതോ വിഭവം വീണ്ടും വാങ്ങാന്‍ വേണ്ടി ബാഫെ കൗണ്ടറിലേക്ക് പോകാന്‍ അച്ഛന്റെ തുണ തേടി വിളിക്കുന്നതു കണ്ടത്. അച്ഛന്‍ പക്ഷേ, കുട്ടിയെ മൈന്‍ഡ് ചെയ്യുന്നില്ല.
നിറഞ്ഞു തുളുമ്പുന്ന പാത്രത്തില്‍ അവിടെയും ഇവിടെയും നിന്ന് താത്പര്യമുളള ചിലതു മാത്രം രുചിക്കുന്നതേയുളളൂ അദ്ദേഹം. വീണ്ടും കൗണ്ടറിലേക്ക് പോകാന്‍ കുട്ടി പിന്നെയും ആവശ്യപ്പെട്ടപ്പോള്‍ അച്ഛന്‍ ദേഷ്യപ്പെട്ടു- നിന്നോട് അപ്പൊഴേ പറഞ്ഞതല്ലേ, എല്ലാം ആവശ്യംപോലെ എടുക്കണമെന്ന്... എന്നിട്ട് ആവശ്യമുളളതു കഴിച്ചാല്‍ മതിയായിരുന്നല്ലോ..

കിട്ടാവുന്ന എല്ലാ വിഭവങ്ങളും പാത്രം നിറയെ കോരിയെടുക്കാതിരുന്നതിനാണ് അച്ഛന്‍ കുട്ടിയെ കുറ്റപ്പെടുത്തുന്നത്. അങ്ങനെ എടുത്തിരുന്നെങ്കില്‍ അച്ഛന്‍ ചെയ്തതു പോലെ ആവശ്യമുളള വളരെക്കുറച്ച് ഭക്ഷണം മാത്രം കഴിച്ച് ബാക്കി മുക്കാല്‍പങ്കും കുപ്പത്തൊട്ടിയിലിടാമായിരുന്നു.

1000 പേര്‍ പങ്കെടുക്കുന്ന ഇത്തരമൊരു വിരുന്നില്‍ ചുരുങ്ങിയത് 250 പേര്‍ക്കുളള ഭക്ഷണമെങ്കിലും ഉച്ഛിഷ്ടമാകും. മുമ്പൊക്കെ കല്യാണ സദ്യകള്‍ക്കും മറ്റുമുളള ഒരുക്കങ്ങളില്‍ ആദ്യമേ തുടങ്ങും എത്ര പേരെ വിളിക്കണം, എത്ര പേര്‍ക്ക് സദ്യ ഒരുക്കണം എന്നൊക്കെയുളള ചിന്തകള്‍.

നാട്ടിലുളള പാചകക്കാര്‍ക്ക് വലിയ തെറ്റു വരാത്ത കണക്കുമുണ്ടാകും. ചുരുക്കം ചിലേടങ്ങളിലെങ്കിലും ചില വിഭവങ്ങളെങ്കിലും തികയാതെ വരികയേ പതിവുളളു. ഭക്ഷണസാധനങ്ങള്‍ കമിഴ്ത്തിക്കളയുന്ന രീതി ഉണ്ടായിരുന്നില്ല.

പണം മുടക്കി വാങ്ങുന്നതല്ലേ, വേണ്ടതു എടുത്ത് ബാക്കി കളയുന്നതിനെന്തു കുഴപ്പം എന്നാണ് പലരുടെയും മനോഭാവം. ലോകമെമ്പാടും അനേക കോടി മനുഷ്യര്‍ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ വിശന്നു കരയുമ്പോഴാണ് വലിയ വിഭവങ്ങള്‍ ഒരു സങ്കോചവുമില്ലാതെ കമിഴ്ത്തിക്കളയുന്നത് എന്നോര്‍ക്കണം. നമ്മുടെ പോക്കറ്റില്‍ പണമുണ്ടായിരിക്കാം. എന്നു കരുതി മറ്റൊരാള്‍ക്ക് കഴിക്കാവുന്ന ഭക്ഷണം കമിഴ്ത്തി കളയാന്‍ ആര്‍ക്കാണ് അവകാശം! അത് പണമുളളതിന്റെ ധാര്‍ഷ്ട്യത്തിനും അപ്പുറത്തുളള പാപമാണ്, തെറ്റാണ്, കുറ്റമാണ്.

മുമ്പൊക്കെ സദ്യകള്‍ക്ക് പോയാല്‍ കാണാം, വിളമ്പിയ ഇലയില്‍ കറിവേപ്പിലയോ മുരിങ്ങക്കായയുടെ പിശടോ പഴത്തൊലിയോക്കെ മാത്രമേ അവശേഷിക്കുകയുളളു. കറിവേപ്പില പോലും കളയാതെ കഴിക്കാറുണ്ട് പലരും. ഇല വെടിപ്പാക്കിയേ ഉണ്ടെണീക്കുകയുളളു. അതായിരുന്നു നമ്മുടെ ടേബിള്‍ മാനേഴ്സ്. ഭക്ഷണം പാഴാക്കുന്നതിന് പിഴ ഈടാക്കുന്ന ചില ഹോട്ടലുകളെക്കുറിച്ച് എവിടെയോ കേട്ടിരുന്നു. പണം നിങ്ങളുടേതായിരിക്കാം, പക്ഷേ, ഭൂമിയിലുളള വിഭവങ്ങള്‍ എല്ലാ മനുഷ്യരുടേതുമാണ് എന്ന് ഓര്‍മപ്പെടുത്താറുണ്ട് യൂറോപ്പിലെയും മറ്റും പല സമൂഹങ്ങളിലും.

നിങ്ങള്‍ക്ക് പണം കൊടുത്തു വാങ്ങി കഴിക്കാം, പക്ഷേ പാഴാക്കാന്‍ അവകാശമില്ല! ഇക്കാര്യം പറഞ്ഞപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞു- അമേരിക്കയില്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ഹോട്ടലുകളില്‍നിന്ന് ഒരു ദിവസം പാഴാക്കുന്ന ഭക്ഷണമുണ്ടെങ്കില്‍ ആഫ്രിക്കയിലെ മുഴുവന്‍ പട്ടിണിക്കാര്‍ക്കും ഒരു ദിവസം വിശപ്പടക്കാനാവും എന്നൊരു കണക്കുണ്ടത്രെ!ഭക്ഷണമില്ലാത്തതുകൊണ്ടു മാത്രം മരിച്ചു പോകുന്ന അനേക കോടി ആളുകള്‍ക്കൊപ്പം കഴിയുമ്പോളാണ് നമ്മള്‍ ഇങ്ങനെ അതു പാഴാക്കുന്നത്. അവരെ പട്ടിണിയിലാക്കുന്നത് നമ്മള്‍ കൂടിയാണെന്ന് ഓര്‍ക്കണം.

കുട്ടികള്‍ക്ക് പാശ്ചാത്യ മാതൃകയില്‍ ടേബിള്‍ മാനേഴ്സ് പഠിപ്പിക്കുകയും പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന നിരവധിയാളുകളുണ്ട്. നമ്മള്‍ പഠിപ്പിക്കേണ്ടത് നമ്മുടെ ആ പരമ്പരാഗത തീന്‍മേശ മര്യാദകളാണ്. ഇല വെടിപ്പാക്കി മാത്രം ഉണ്ടെഴുന്നേല്‍ക്കുന്ന രീതി. ഒരു വറ്റു ചോറ് പാഴാക്കുമ്പോള്‍ വിശക്കുന്ന ഒരാളുടെ കണ്ണീരിന് നമ്മള്‍ ഉത്തരവാദിയാവുകയാണ് എന്ന ജാഗ്രതയാണ് നമുക്കു വേണ്ടത്. അതാണ് നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത്.

No comments:

Post a Comment