വ്യാജ തേയില എന്നാൽ...
തേയില ഫാക്ടറികളിൽ നിന്ന് ഉപേക്ഷിക്കുന്ന വില കുറഞ്ഞ തേയിലയും, ചായക്കടകളിൽ ഉപയോഗിച്ചു കളയുന്ന തേയില ചണ്ടിയും ചേർത്ത് ആദ്യം ഉണങ്ങിയെടുക്കും. പിന്നീട് സൺസെറ്റ് യെല്ലോ, ടട്രാസിൻ, കാർമോസിൻ, ബ്രില്ല്യന്റ് ബ്ലൂ, ഇൻഡിഗോ കാരമൈൻ എന്നീ രാസവസ്തുക്കൾ ചേർത്തു നിർമിക്കുന്ന ചോക്ലേറ്റ് ബ്രൗൺ എന്ന കൃത്രിമ നിറത്തിന്റെ ലായനിയിൽ തേയിലപ്പൊടി മുക്കും. ഒപ്പം മണവും രുചിയും വരാൻ കാരമൽ എന്ന രാസവസ്തുവും ചേർക്കും. ഈ മിശ്രിതം ഉണങ്ങിയെടുക്കുമ്പോൾ കടുപ്പമുളള ചായക്കുളള ചായപ്പൊടി റെഡി.
ആർക്കു വിൽക്കും?...
സൂപ്പർമാർക്കറ്റുകൾ പോലെയുളള അംഗീകാരമുളള വ്യാപാര സ്ഥാപനങ്ങൾ ഇത്തരം വ്യാജ കവറിലുളള തേയില പായ്ക്ക റ്റുകൾ എടുക്കാൻ മടിക്കുന്നതിനാൽ നേരിട്ടാണു വിൽപന. അമൃതം ,മയൂരി തുടങ്ങി കേട്ടാൽ മോഹിക്കുന്ന പേരുകളിലാണു വിൽപന. പ്രധാനമായും ചെറിയ ഹോട്ടലുകളും ചായക്കടകളുമാണ് കടുപ്പം കൂടുതലും വിലക്കുറവുമുളള തേയില വാങ്ങുന്നത്. വ്യാപാരക്കണ്ണിൽ അമിതലാഭം നേടാമെന്നു മനസ്സിലാക്കിയ ചില വൻകിട ഹോട്ടലുകളും പിടി വീഴുന്നതിനു തൊട്ടു മുൻപുളള നാളുകളിൽ തങ്ങളുടെ പക്കൽ നിന്ന് വ്യാജ തേയില വാങ്ങി തുടങ്ങിയിരുന്നതായി പിടിയിലായ മുഖ്യ പ്രതി സമ്മതിച്ചിട്ടുണ്ട്.
സ്ഥിരമായി ഉപയോഗിച്ചാൽ...
വ്യാജ തേയില സ്ഥിരമായി ഉപയോഗിച്ചാൽ കാൻസർ, ലൈംഗിക ശേഷിക്കുറവ്, ലിവർ സിറോസിസ് എന്നീ രോഗങ്ങൾ ഉണ്ടാകുമെന്നാണ് നിഗമനം. തേയിലയിൽ ഒരു തരത്തിലുളള രാസവസ്തുക്കളും ചേർക്കാൻ നിയമം അനുവദിക്കുന്നില്ല.
എങ്ങനെ തിരിച്ചറിയാം?...
തേയിലപ്പൊടിയുടെ ഗുണമേന്മയിൽ സംശയം തോന്നിയാൽ ഉടൻ തന്നെ പരിശോധിക്കാം. കുപ്പിഗ്ലാസിൽ വെളളം നിറച്ച ശേഷം അതിൽ തേയിൽ ചെറുതായി ഇടുക. നിറം ചേർത്തിട്ടുണ്ടെങ്കിൽ നിറം വെളളത്തിനു മുകളിൽ നിൽക്കും, തുടർന്ന് തേയില ഗ്ലാസിന്റെ താഴെയെത്തും. അല്ലെങ്കിൽ വെളള പേപ്പറിൽ ചായപ്പൊടി നിരത്തി വെളളം സ്പ്രേ ചെയ്യുക. വ്യാജനെ ങ്കിൽ നിറം പെട്ടെന്ന് പേപ്പറിൽ പരക്കും.
മായമുണ്ടെന്നു തിരിച്ചറിഞ്ഞാൽ.......
ഉടൻ തന്നെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചറിയിക്കുക. അല്ലെങ്കിൽ 0471 2322833 ,8943341130, 8943346181, 8589055766 എന്നീ നമ്പരുകളിലും വിളിക്കാം. ഒരു കാരണവശാലും പരാതിപ്പെടാതിരിക്കരുത്.
ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിച്ച തുടർ നടപടികൾ...
സംസ്ഥാനത്തെ ചായ വിൽപ്പന നടത്തുന്ന എല്ലാ കേന്ദ്രങ്ങ ളിലും പ്രത്യേകിച്ച് ചെറിയ ചായക്കടകളിൽ പരിശോധന നടത്തി അംഗീകാരമില്ലാത്ത തേയില ഉപയോഗിക്കുന്നവർ ക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടു കഴിഞ്ഞു. പിടിച്ചെടുക്കുന്ന തേയില നശിപ്പിക്കും. തേയില വാങ്ങിയതിന്റെ രേഖകൾ ഹോട്ടൽ ഉടമ സൂക്ഷിക്കണം. ഭക്ഷണത്തിൽ മായം കലർത്തുന്നത് പിടികൂടാനായി സ്പെഷൽ സ്ക്വാഡുകൾ സംസ്ഥാന– ജില്ലാ തലങ്ങളിൽ രൂപീകരിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക...
കഴിവതും ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ സ്വയം പാകം ചെയ്തു കഴിക്കുക. അങ്ങനെ ചെയ്യുമ്പോൾ ഗുണമേന്മയുളള തേയിലയാണ് വാങ്ങുന്നതെന്നും ശുചിത്വ പൂർണ്ണമായ അന്തരീക്ഷത്തിൽ അവ പാകം ചെയ്യുന്നുവെന്നും ഉറപ്പാക്കാം. പുറത്തു നിന്നു ചായ കുടിക്കുമ്പോൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അംഗീകാരമുളള കടകളിൽ മാത്രം കയറുക. സംശയമുണ്ടെങ്കിൽ അംഗീകാരത്തെപ്പറ്റിയും ഏതു ചായപ്പൊടിയാണ് ഉപയോഗിക്കുന്നതെന്നും ചോദിച്ചു മനസ്സിലാക്കാം. ഉപഭോക്താക്കൾ സംശയം പ്രകടിപ്പിച്ചാൽ അതു നിവാരണം ചെയ്യേണ്ട ഉത്തരവാദിത്തം കടയുടമയ്ക്കുണ്ട്.
No comments:
Post a Comment